ഡിസംബർ 23, 2018

പലതരം തെയ്യങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം ഏതാണ്❓

പലതരം തെയ്യങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ദേവക്കൂത്ത്

❇ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ്‌ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്ത് ഒന്നിടവിട്ട വർഷങ്ങളിൽ ധനു മാസം അഞ്ചാം തീയതിയാണ് കെട്ടിയാടുന്നത്
❇ ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽപ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയ സമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ്
❇ തെക്കുമ്പാട് ദ്വീപിന്‍റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തായക്കാവ്, കോലത്തിരി രാജാക്കൻമാരുടെ കുല ദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സങ്കൽപ്പത്തിലാണ്
❇ ഘോര വനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്.
❇ ദേവലോകത്ത് നിന്ന് ഈ ചെറുദ്വീപിലേക്ക്  എത്തിയ ദേവസുന്ദരി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനിടയില്‍ കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവരെ കാണാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ യുവതി, നാരദനെ മനസ്സില്‍ ധ്യാനിക്കുകയും, നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും കൊണ്ട് പോയി. അവിടെ തെങ്ങിന്റെ ഓല കൊണ്ടൊരു താല്ക്കാലിക പുര പണിയുകയും, അവിടെ നിന്ന് യുവതി വസ്ത്രം മാറുകയും, ചങ്ങാടത്തിൽ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തുവെന്നതാണ് ദേവക്കൂത്ത് തെയ്യത്തിന്റെ ഐതിഹ്യം.
❇ ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് മരം കൊണ്ടുണ്ടാക്കിയ വള്ളത്തിലാണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റു കൊണ്ട് വരുന്ന ഇവരെ രണ്ടു ദിവസം,  താല്ക്കാലികമായി പണിത കുച്ചില്‍ എന്നറിയപ്പെടുന്ന അറയിലാണ്  (തെങ്ങിന്റെ ഓല കൊണ്ട് പണിത അറയില്‍) താമസിപ്പിക്കുക.
❇ഈ ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലർത്താത്ത അവർ തെയ്യം കെട്ടേണ്ട ദിവസം മുഖത്തെഴുത്തും ചമയങ്ങളും ചെയ്ത് ഒരു തെയ്യമായി രൂപാന്തരപ്പെട്ട ശേഷം ചെണ്ടയുടെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അൽപ്പ സമയത്തിനു ശേഷം നാരദന്‍ തെയ്യം പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കുകയും ചെയ്യും
❇കേരളത്തില്‍ ദേവക്കൂത്ത് തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന്‍ കൂരന്‍ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല്‍ ഇവര്‍ തെയ്യം കെട്ടു നിര്ത്തി. അതിനു ശേഷം ലക്ഷ്മിയേടത്തിയുടെ സഹായത്തോടെ മാടായിയിലെ  എം.വി അംബുജാക്ഷിയാണു ദേവക്കൂത്ത് കെട്ടുന്നത്
❇ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് ഉള്ളതെന്ന് കരുതപ്പെടുന്ന തെക്കുമ്പാട് ദ്വീപിന്റെ തെക്കേയറ്റത്താണ് തായക്കാവും കൂലോം ക്ഷേത്രവും. സോമേശ്വരി ദേവിക്കായി ഇവിടെ ഇത് വരെ തെയ്യം കെട്ടിയാടിയിട്ടില്ല.
❇ തായക്കാവിലെ പ്രധാന ആരാധനാ മൂർത്തി മാടായികാവു ഭഗവതിയുടെ മറ്റൊരു രൂപമായ തായ്പ്പര ദേവത (ചുഴലി ഭഗവതി)യാണ്. 
❇ ഇരഞ്ഞിക്കല്‍ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന്‍ കരിയാത്തന്‍, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്‍, ദേവക്കൂത്ത്, ബിന്ദൂര്‍ ഭൂതം എന്നിവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ